അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

KOL NEWS DESK

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു. 66 വയസ്സായിരുന്നു. ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ജയ്റ്റ്‌ലി. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ജയ്റ്റ്‌ലി ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഇത്തവണ മന്ത്രിസഭയിലേക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. യുപിയില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. ജയ്റ്റ്‌ലി മന്ത്രിയായിരുന്ന വേളയിലാണു മോദി സര്‍ക്കാര്‍ നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയവ നടപ്പാക്കിയത്. വാജ്‌പേയി മന്ത്രിസഭയിലും നരേന്ദ മോദി മന്ത്രിസഭയിലും അംഗമായിരുന്ന ജയ്റ്റ്‌ലി വാര്‍ത്താ വിതരണ പ്രക്ഷേപണം, ഓഹരി വിറ്റഴിക്കല്‍, നിയമം, കമ്പനി കാര്യം, വാണിജ്യം, വ്യവസായം, പ്രതിരോധം, ധനകാര്യം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. നാലു തവണ രാജ്യസഭാംഗമായി. രാജ്യസഭാ നേതാവ്, പ്രതിപക്ഷ നേതാവ് എന്നീ പദവികള്‍ വഹിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ വിജയം അരക്കിട്ടുറപ്പിച്ച് നരേന്ദ്ര മോദിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു.

മധ്യപ്രദേശ്, കര്‍ണാടക തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ജയ്റ്റ്‌ലിക്കായി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ വിജയത്തിനു ബിജെപിയെ സഹായിച്ചതിലും ഇദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ക്കു പങ്കുണ്ട്. ക്രിക്കറ്റ് കമ്പക്കാരനായ ജയ്റ്റ്‌ലി ഏറെനാള്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ഭരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) വൈസ് പ്രസിഡന്റുമായി. 1952 ഡിസംബര്‍ 28ന് മഹാരാജ് കിഷന്‍ ജയ്റ്റ്‌ലിയുടെയും രത്തന്‍ പ്രഭ ജയ്റ്റ്‌ലിയുടെയും മകനായി ദല്‍ഹിയില്‍ ജനനം. സെന്റ് സേവ്യേഴ്‌സ് സ്‌കൂള്‍, ശ്രീറാം കോളജ് ഓഫ് കൊമേഴ്‌സ്, യൂണിവേഴ്‌സിറ്റി ഓഫ് ദല്‍ഹി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എഴുപതുകളില്‍ എബിവിപിയിലൂടെ പൊതുരംഗത്തെത്തി. 1980ല്‍ ബിജെപി അംഗത്വമെടുത്തു.

അടിയന്തരാവസ്ഥക്കാലത്തു തടവിലായി. നിയമപഠനം പൂര്‍ത്തിയാക്കിയ ജയ്റ്റ്‌ലി 1977 മുതല്‍ അഭിഭാഷകനായി. സുപ്രീംകോടതി സീനിയര്‍ അഭിഭാഷകനും അഡീഷനല്‍ സോളിസിറ്റര്‍ ജനറലുമായി. രാഷ്ട്രീയത്തിലേക്കു മടങ്ങിയെത്തിയ അദ്ദേഹം 1991ല്‍ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗമായി. പാര്‍ട്ടി വക്താവായി മികവു തെളിയിച്ചു. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി. 2018ല്‍ അനാരോഗ്യം അദ്ദേഹത്തെ അലട്ടി. വൃക്ക ശസ്ത്രക്രിയയ്ക്കു വിധേയനായി. യുഎസില്‍ ടിഷ്യു കാന്‍സര്‍ ചികില്‍സയ്ക്കു പോയി. പല തവണ ഇന്ത്യയിലും വിദേശത്തും വിദഗ്ധ ചികില്‍സ തേടി. രണ്ടാം മന്ത്രിസഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്നും വകുപ്പില്ലാമന്ത്രിയെന്ന നിലയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും മോദിയെ ജയ്റ്റ്‌ലി അറിയിച്ചു. മോദി സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചു പറയാനും വിമര്‍ശനങ്ങളില്‍ പ്രതിരോധം തീര്‍ക്കാനും ചികില്‍സാവേളകളില്‍ പോലും ജാഗ്രത കാട്ടിയ നേതാവാണ് ജയ്റ്റ്‌ലി. അഭിഭാഷകനായും എഴുത്തുകാരനായും ശോഭിച്ചു. സംഗീതയാണ് ഭാര്യ. സൊനാലി, രോഹന്‍ എന്നിവര്‍ മക്കളാണ്.

Related Posts