കണ്ണൂര്‍: മൃഗങ്ങളെ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് എക്സ്പെന്റീച്ചര്‍ മോണിറ്ററിംഗ് നോഡല്‍ ഓഫീസര്‍ (ഫിനാന്‍സ് ഓഫീസര്‍) പി വി നാരായണന് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൃഗങ്ങളെ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഏതെങ്കിലും മൃഗത്തിന്റെ ചിഹ്നമാണ് സ്ഥാനാര്‍ത്ഥിയുടെയോ പാര്‍ട്ടിയുടെയോ ചിഹ്നമെങ്കില്‍ പോലും മൃഗത്തെ പ്രദര്‍ശിപ്പിക്കാനോ അവയെ പ്രകടനങ്ങളിലും മറ്റും ഉപയോഗിക്കാനോ പാടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷിന്റെ ഉത്തവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെലവ് നിരീക്ഷണത്തിനായി രൂപീകരിച്ച വിവിധ ടീമുകളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പ്രവര്‍ത്തന മേഖലയെക്കുറിച്ചുള്ള സംശയങ്ങള്‍ പരിഹരിക്കുന്നതിനുമായി ചേര്‍ന്ന അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മണ്ഡലങ്ങളില്‍ ഓരോ വീഡിയോ സര്‍വയലന്‍സ് ടീമിനെ വീതമാണ് നിയമിച്ചിരിക്കുന്നത്. കൂടുതല്‍ യോഗങ്ങളും ജാഥകളും ഉണ്ടാകുന്ന സഹചര്യത്തില്‍ കൂടുതല്‍ വീഡിയോ സര്‍വയലന്‍സ് ടീമിനെ നിയോഗിക്കും. ആവശ്യമെങ്കില്‍ സ്റ്റാറ്റിക് സര്‍വയലന്‍സ്, ഫ്ളൈയിംഗ് സ്ക്വഡ് എന്നിവരുടെ സഹായവും തേടാമെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡുകളുടെ വലിപ്പം, തോരണങ്ങളുടെ നീളം തുടങ്ങിയ വിവരങ്ങള്‍ വീഡിയേയില്‍ കൃത്യമായി രേഖപ്പെടുത്തണമെന്നും വീഡിയോ സര്‍വയലന്‍സ് ടീം എടുക്കുന്ന വീഡിയോകളുടെ അടിസ്ഥാനത്തിലാവും സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടികളുടെയും ചെലവ് കണക്കാക്കുകയെന്നും പി വി നാരായണന് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ നമ്പറുകള്‍ കൃത്യമായി രേഖപ്പെടുത്തണം. വാഹനങ്ങളില്‍ സ്ഥാനാര്‍ത്ഥികളാണ് സഞ്ചരിക്കുന്നതെങ്കില്‍ അത് പ്രത്യേകം രേഖപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതിന് തലേദിവസം വരെയുള്ള ചെലവുകള്‍ പാര്‍ട്ടിയുടെ അക്കൗണ്ടിലേക്കും ശേഷം വരുന്ന ചെലവുകള്‍ സ്ഥാനാര്‍ത്ഥിയുടെ അക്കൗണ്ടിലേക്കുമാണ് കണക്കാക്കുക. പിആര്‍ഡി ചേംബറില്‍ നടന്ന യോഗത്തില്‍ അസിസ്റ്റന്റ് എക്സ്പെന്റീച്ചര്‍ ഓഫീസര്‍മാര്‍, അക്കൗണ്ടിംഗ് ടീം അംഗങ്ങള്‍, വീഡിയോ സര്‍വയലന്‍സ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് ചെലവ്; തുണി ബാനറിന്റെ നിരക്കില്‍ മാറ്റം
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാര്‍ഥികളും പാര്‍ട്ടികളും ഉപയോഗിക്കുന്ന സാധന സാമഗ്രികളുടെയും സേവനങ്ങളുടെയും നിരക്ക് പട്ടികയില്‍ മാറ്റം ഉള്ളതായി ജില്ലാ ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. നേരത്തേ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഒരു ചതുരശ്ര അടി തുണികൊണ്ടുള്ള ബാനറിന് 100 രൂപയായിരുന്നു തെറ്റായി വിലയിട്ടിരുന്നത്. എന്നാല്‍ ഇത് 18 രൂപയായിയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.