തെരഞ്ഞെടുപ്പ്: റോഡുകളില്‍ കുഴിയെടുക്കുന്നതിന് വിലക്ക്

KOL NEWS DESK

 

കണ്ണൂരിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിംഗ്

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്‌റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തുന്ന പശ്ചാത്തലത്തില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉറപ്പുവരുത്തുന്നതിന് റോഡുകളില്‍ കുഴിയെടുക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ഉത്തരവിട്ടു. ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്റ് കേബിളുകള്‍ മുറിഞ്ഞ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, വാട്ടര്‍ അതോറിറ്റി, കെഎസ്ടിപി, തദ്ദേശ സ്ഥാപനങ്ങള്‍, പൊതുമരാമത്ത് വകുപ്പ്, കെഎസ്ഇബി, പ്രധാനമന്ത്രി സഡക് യോജന തുടങ്ങിയവയുടെ വിവിധ പ്രവൃത്തികള്‍ക്കായി റോഡുകളില്‍ കുഴിയെടുക്കുന്നത് ഏപ്രില്‍ 24 വരെ നിരോധിച്ചുകൊണ്ടാണ് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്.

റോഡുകള്‍ കുഴിക്കുന്ന പ്രവൃത്തികള്‍ നിര്‍ത്തിവച്ചുവെന്ന് എല്ലാ ഏജന്‍സികളും ഉറപ്പുവരുത്തേണ്ടതാണ്. വീഴ്ച വരുത്തുന്നവര്‍ക്കെതിരേ 1951ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

 

 

Related Posts