കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പ് ഹരിത ശുചിത്വ തെരഞ്ഞെടുപ്പായി നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ശുചിത്വമിഷന്, ഹരിത കേരള മിഷന് എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് തയ്യാറാക്കിയ മാതൃക പോളിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി നിര്‍വഹിച്ചു. ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ച് നടത്തുന്ന തെരഞ്ഞെടുപ്പില്‍ ഓരോ പോളിംഗ് സ്റ്റേഷനുകളിലും ഉണ്ടായിരിക്കേണ്ട സൗകര്യങ്ങളെക്കുറിച്ചും പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതാണ് കലക്ടറേറ്റില്‍ സജ്ജീകരിച്ചിരിക്കുന്ന മാതൃകാ പോളിംഗ് സ്റ്റേഷന്. വോട്ടിംഗ്, വിവിപാറ്റ് യന്ത്രങ്ങളുടെ മാതൃകകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹരിത പെരുമാറ്റച്ചട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിക്കുന്ന സന്ദേശങ്ങളും മാതൃക പോളിംഗ് സ്റ്റേഷനിലുണ്ട്. പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചാണ് പോളിംഗ് സ്റ്റേഷന് തയ്യാറാക്കിയത്. എ ഡി എം ഇ മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്) എ കെ രമേന്ദ്രന്‍, ശുചിത്വ മിഷന് കോ ഓര്‍ഡിനേറ്റര്‍ ടി ജി അഭിജിത്ത്, പ്രോഗ്രാം ഓഫീസര്‍ കെ സിറാജുദ്ദീന്, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, കലക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.