തെരഞ്ഞെടുപ്പില്‍ തിളങ്ങിയത് കണ്ണൂര്‍ ജില്ലാ ഭരണകൂടം

കണ്ണൂര്‍: പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ പോളിംഗ് ശതമാനവുമായി കണ്ണൂര്‍ ജില്ല അഭിമാനകരമായ നേട്ടം കൈവരിച്ചപ്പോള്‍ ശരിക്കും തിളങ്ങിയത് ജില്ലാ ഭരണകൂടം. പരാതികള്‍ക്കും പ്രശ്നങ്ങള്‍ക്കും ഇടം നല്‍കാതെ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു. വോട്ടിംഗ് മെഷീന്‍ പണിമുടക്കിയതും വൈദ്യുതി തകരാറും മൂലമുണ്ടായ കാലതാമസവും മാറ്റിനിര്‍ത്തിയാല്‍ തികച്ചും സുഗമമായ രീതിയിലായിരുന്നു ജില്ലയിലെ പോളിംഗ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങള്‍ക്കു മുമ്പ് തന്നെ ജനങ്ങള്‍ക്കിടയില്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ സ്വീപ്പ് വോട്ടര്‍ ബോധവല്‍ക്കരണ പരിപാടികള്‍ ജില്ലയിലെ ഉയര്‍ന്ന പോളിംഗ് ശതമാനത്തില്‍ നിര്‍ണായക പങ്കുവഹിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. പുതുമുഖ വോട്ടര്‍മാരെ ബോളിംഗ് ബൂത്തുകളിലെത്തിക്കുന്നതിന് ഇത് സഹായകമായി. ഇതിനു പുറമെ, ഇവിഎം-വിവിപാറ്റ് യന്ത്രങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന് നടത്തിയ വ്യാപകമായ പ്രചാരണ പരിപാടികളും ഫലം കണ്ടു. വലിയ ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ലാതെ ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തില്‍ വോട്ടെടുപ്പ് നടത്താനായതും ജില്ലാ ഭരണകൂടത്തിന്റെ തൊ്പ്പിയിലെ പൊന്‍ തൂവലായി.

ജില്ലയുടെ പ്രശ്നസാധ്യതയുള്ള ബൂത്തുകളില്‍ പഴുതടച്ച സുരക്ഷാ സംവിധാനങ്ങളൊരുക്കിയും പോലിസ് നീരീക്ഷണം ശക്തമാക്കിയും നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടു. കേരള പോലിസിന് പുറമെ, 16 കമ്പനി കേന്ദ്ര സേനയും തമിഴ്നാട്, കര്‍ണാടക പോലിസ് ഫോഴ്സും ചേര്‍ന്ന് 6000ത്തോളം വരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ജില്ലയില്‍ വോട്ടെടുപ്പ് സുരക്ഷിതമാക്കുന്നതിനായി നിയോഗിച്ചിരുന്നത്.  ഇതോടൊപ്പം ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കാന്‍ പ്രയാസമുള്ള 16 ബൂത്തുകളൊഴികെയുള്ള ജില്ലയിലെ 1841 ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്താനുള്ള തീരുമാനവും പോളിംഗ് സുരക്ഷിതമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

ബൂത്തിനകത്ത് നടക്കുന്ന മുഴുവന്‍ കാര്യങ്ങളും കലക്ടറേറ്റ് ഓഡിറ്റോറിയത്തിലൊരുക്കിയ കണ്‍ട്രോള്‍ റൂമില്‍ നിന്ന് മുഴുസമയം നിരീക്ഷിക്കാവുന്ന വിധത്തിലായിരുന്നു വെബ്കാസ്റ്റിംഗ്. ചില അനിഷ്ട സംഭവങ്ങളുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച സ്ഥലങ്ങളില്‍ അപ്പപ്പോള്‍ തന്നെ ജില്ലാ കലക്ടര്‍ നേരിട്ട് പോളിംഗ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് പ്രശ്നങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ സഹായകമായി. വെബ്കാസ്റ്റിംഗ് ഇല്ലാത്ത ബൂത്തുകളില്‍ മുഴുസമയ വീഡിയോ കവറേജിനും നിര്‍ദ്ദേശം നല്‍കിയിരുന്നു.

വോട്ട് ചെയ്യാന്‍ ഏതെങ്കിലും രീതിയില്‍ ഭീഷണി നേരിടുന്നവര്‍ക്ക് പ്രത്യേക സംരക്ഷണം ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നു.  പോളിംഗുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്പപ്പോള്‍ ലഭ്യമാക്കുന്നതിനും പ്രശ്നങ്ങള്‍ അപ്പപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഒരുക്കിയ പോള്‍ മാനേജര്‍ മൊബൈല്‍ ആപ്പും തെരഞ്ഞെടുപ്പ് കുറ്റമറ്റതാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

ബൂത്തുകളിലുണ്ടാവുന്ന പ്രശ്നങ്ങള്‍ ഉടന്‍ തന്നെ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനും ഇത് സഹായകമായി. കനത്ത ചൂടിലും സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തുന്ന വോട്ടര്‍മാര്‍ക്ക് പോളിംഗ് സ്റ്റേഷനുകളില്‍ പരമാവധി സൗകര്യമൊരുക്കിയിരുന്നു. കുടിവെള്ളം, തണലിടങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍ അതിഥികളെപോലെയായിരുന്നു വോട്ടര്‍മാരെ സ്വീകരിച്ചത്.

ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടുള്ളതായിരുന്നു ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍. ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് പോളിംഗ് സ്റ്റേഷനുകളിലെത്താന്‍ വാഹന സൗകര്യം ലഭ്യമാക്കുന്നതിന് വിപുലമായ പരിപാടികള്‍ ജില്ലാ ഭരണകൂടം നടപ്പിലാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതുമുതല്‍ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

വിവിധ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനങ്ങള്‍, മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, സ്ഥാനാര്‍ഥികളുടെ ചെലവ് നിയന്ത്രണവുമായി ബന്ധപ്പെട്ട നടപടികള്‍ തുടങ്ങിയവ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതില്‍ ജില്ലാ ഭരണകൂടം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

ജില്ലാ കലക്ടര്‍ക്കു പുറമെ, തെരഞ്ഞെടുപ്പ് നിരീക്ഷകര്‍, ജില്ലാ പോലിസ് മേധാവി, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍, വിവിധ നോഡല്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ തെരഞ്ഞെടുപ്പ് മികച്ചൊരു അനുഭവമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

 

Related Posts