കുറ്റാന്വേഷണത്തില്‍ കൂടുതല്‍ താല്‍പര്യമുള്ള ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ചില്‍ നിയോഗിക്കും: മുഖ്യമന്ത്രി

ക്രൈബ്രാഞ്ച് ഓഫീസ്, ജില്ലാ പോലീസ് ട്രെയിനിംഗ് സെന്റര്‍, ടെലികമ്മ്യൂണിക്കേഷന്‍ യൂണിറ്റ്, പയ്യന്നൂര്‍, കൊളവല്ലൂര്‍ എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച കെന്നല്‍ എന്നീ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു
KANNURONLIVE NEWS DESK

ഉയര്‍ന്ന വിദ്യാഭ്യാസവും സാങ്കേതിക വിദ്യയില്‍ മികച്ച അറിവുമുള്ള ഒട്ടേറെപ്പേര്‍ ഇപ്പോള്‍ പോലീസ് സേനയിലുണ്ടെന്നും ഇവരില്‍ കുറ്റാന്വേഷണത്തില്‍ പ്രത്യേക താല്‍പര്യവുമുള്ളവരെ ക്രൈംബ്രാഞ്ചില്‍ നിശ്ചിത കാലയളവിലേക്ക് നിയോഗിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രൈബ്രാഞ്ച് ഓഫീസ്, ജില്ലാ പോലീസ് ട്രെയിനിംഗ് സെന്റര്‍, ടെലികമ്മ്യൂണിക്കേഷന്‍ യൂണിറ്റ്, പയ്യന്നൂര്‍, കൊളവല്ലൂര്‍ സ്റ്റേഷനുകള്‍ നിര്‍മ്മിച്ച കെന്നല്‍ എന്നീ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റാന്വേഷണത്തില്‍ മികവ് നേടിയ സേനയാണ് ക്രൈംബ്രാഞ്ച്. കേസുകളില്‍ കൃത്യമായ തെളിവുകളുടെ സഹായത്തോടെ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതിലും ശിക്ഷ വാങ്ങി നല്‍കുന്നതിലും സ്തുത്യര്‍ഹമായ പങ്കാണ് ക്രൈംബ്രാഞ്ച് വഹിക്കുന്നത്. അതുകൊണ്ടാണ് വിവാദമായ എല്ലാ കേസുകളിലും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുന്നത്. ഇത് സേനയ്ക്ക് അഭിമാനിക്കാവുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനാണ് കഴിഞ്ഞ വര്‍ഷം ഇതിന്റെ ഘടനയില്‍ മാറ്റം വരുത്തിയത്. നിലവില്‍ 11 ജില്ലകളില്‍ എസ് പിമാര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. ബാക്കിയുള്ള മൂന്ന് ജില്ലകളില്‍ കൂടി പ്രവര്‍ത്തനം ഈ രീതിയിലാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
ലോകവും കുറ്റവാളികളുടെ സ്വഭാവവും മാറുകയാണ്. സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് കണ്ടെത്താനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുകയും വേണം. 2.5 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കുറ്റാന്വേഷണ രംഗത്ത് ലോകത്തെമ്പാടുമുള്ള മാറ്റങ്ങളും ഉദ്യോഗസ്ഥര്‍ അറിയേണ്ടതുണ്ട്. അതിനാവശ്യമായ പരിശീലനം നേടുക എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. ഇതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ഥാപനങ്ങളുടെ സേവനം ഉപയോഗപ്പെടുത്താനാകണം.
അന്വേഷണ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം കേസ് അന്വേഷണത്തില്‍ കാലതാമസം ഉണ്ടാകാന്‍ കാരണമാകുന്നുണ്ട്. ഇത് പരിഹരിക്കേണ്ടതുണ്ട്.. പുതിയ കെട്ടിടങ്ങള്‍ സേനയുടെ കഴിവ് മെച്ചപ്പെടുത്താന്‍ ഉപയോഗിക്കണം. പോലീസ് സേനയുടെ നട്ടെല്ലായ വിവര വിനിമയ സംവിധാനം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാനും ഇതുവഴി കേസുകള്‍ എളുപ്പത്തില്‍ തെളിയിക്കാനും സാധിക്കണം. മണ്ണിനടിയില്‍പ്പെടുന്ന മൃതദേഹങ്ങള്‍ കണ്ടെത്താന്‍ നായകള്‍ക്ക് പ്രത്യേക കഴിവുണ്ട്. ഇവയ്ക്ക് ഈ രീതിയിലുള്ള പരിശീലനങ്ങളും നല്‍കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
1.10 കോടി രൂപ ചെലവിലാണ് ട്രെയിനിംഗ് സെന്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 70 ലക്ഷം രൂപ ക്രൈം ബ്രാഞ്ച് ഓഫീസിനും 25 ലക്ഷം രൂപ ടെലി കമ്മ്യൂണിക്കേഷന്‍ യൂണിറ്റിലും ചെലവഴിച്ചു. 11 ലക്ഷം രൂപ വീതം ഉപയോഗിച്ചാണ് കെന്നലുകളുടെ നിര്‍മ്മാണം. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കിയ നിര്‍മ്മാതാക്കളെയും ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അനുമോദിച്ചു.
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍, കെ കെ രാഗേഷ് എം പി, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, കേരള പോലീസ് ഹൗസിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എംഡി ഡിഐജി ശ്യാം സുന്ദര്‍, സിബിസിഐഡി കോഴിക്കോട് റേഞ്ച് ഐജി ഇ കെ ജയരാജ്, നോര്‍ത്ത് സോണ്‍ ഐജി അശോക് യാദവ്, കണ്ണൂര്‍ റേഞ്ച് ഡിഐജി സേതുരാമന്‍, ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍, സിബിസിഐഡി എസ്പി ഡോ. എ ശ്രീനിവാസ്, മറ്റ് ഉദ്യോഗസ്ഥര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

Related Posts