സമ്പൂര്‍ണ്ണ ശുചിത്വ ക്യാമ്പയിനുമായി കലക്ടറേറ്റ്

KOL NEWS DESK

കണ്ണൂര്‍: കലക്ടറേറ്റും ഓഫീസുകളും മാലിന്യമുക്തമാക്കുന്നതിനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം. പദ്ധതിയുടെ ഭാഗമായി വിവിധ ഓഫീസുകളിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്തു. എ ഡി എം ഇ മുഹമ്മദ് യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഓഫീസുകളിലെ മാലിന്യം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി നിര്‍ദേശങ്ങളാണ് മുന്നോട്ട് വെച്ചത്. മാലിന്യങ്ങള്‍ കത്തിക്കുകയോ അലക്ഷ്യമായി വലിച്ചെറിയുകയോ ചെയ്യരുതെന്നും അവ കലക്ടറേറ്റില്‍ സ്ഥാപിച്ചിട്ടുള്ള ബോക്‌സുകളില്‍ നിക്ഷേപിക്കണമെന്നും യോഗം നിര്‍ദേശിച്ചു. പേപ്പര്‍, ബോട്ടിലുകള്‍, പേനകള്‍ എന്നിവ നിക്ഷേപിക്കുന്നതിന് മൂന്ന് ബോക്‌സുകളാണ് നിലവില്‍ കലക്ടറേറ്റില്‍ സ്ഥാപിച്ചിരിക്കുന്നത്. ഭാവിയില്‍ ഓരോ നിലയിലും ബോക്‌സുകള്‍ സ്ഥാപിക്കും. ആഴ്ചയിലോരിക്കല്‍ സ്‌ക്രാപ്പ് മര്‍ച്ചന്റ് അസോസിയേഷന്‍ അധികൃതര്‍ ഇവ ശേഖരിക്കും. ജീവനക്കാര്‍ കൊണ്ടുവരുന്ന ഭക്ഷണങ്ങളുടെ അവശിഷ്ടങ്ങള്‍ തിരിച്ച് വീടുകളിലേക്ക് കൊണ്ടുപോകണമെന്നും യോഗം നിര്‍ദേശിച്ചു. മാലിന്യങ്ങള്‍ അലക്ഷ്യമായി കത്തിക്കുന്നത് ജീവനക്കാര്‍ക്ക് മാത്രമല്ല വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുകളിലെത്തുന്നവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് എഡിഎം ഇ മുഹമ്മദ് യൂസഫ് പറഞ്ഞു. ഉദ്യോഗസ്ഥര്‍ യാതൊരു കാരണവശാലും പ്ലാസ്റ്റിക് കവറുകള്‍ ഓഫീസുകളില്‍ കൊണ്ടുവരാന്‍ പാടുള്ളതല്ല. ഏതെങ്കിലും സാഹചര്യത്തില്‍ കൊണ്ടുവരികയാണെങ്കില്‍ അത് വീടുകളിലേക്ക് തന്നെ തിരിച്ചുകൊണ്ടുപോകണം. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ എല്ലാ ഓഫീസുകളിലേക്കും അയക്കാനും യോഗം തീരുമാനിച്ചു. ശുചിത്വ മിഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തിന് മൊത്തം മാതൃകയാകുന്ന രീതിയില്‍ കലക്ടറേറ്റും അനക്‌സും മറ്റ് ഓഫീസുകളും മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഓഫീസ് മേലധികാരികള്‍ക്കായി ക്ലാസുകള്‍ സംഘടിപ്പിക്കും. എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ വി ലതീഷ്, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ കെ ആര്‍ അജയ കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Posts