ബസ്സുകളില്‍ ഉള്‍പ്പെടെ ചൈല്‍ഡ് ലൈന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണം: ജില്ലാ കലക്ടര്‍

പ്രതീകാത്മക ചിത്രം
KANNURONLIVE NEWS DESK

ജില്ലയെ ബാലസൗഹൃദമാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കും

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ അറിയിക്കുന്നതിനുള്ള ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പറായ 1098 ബസ്സുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളില്‍ ആളുകള്‍ക്ക് എളുപ്പത്തില്‍ കാണാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചൈല്‍ഡ് ലൈന്‍ ഉപദേശക സമിതി യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ആര്‍ടിഒയ്ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതിനുപുറമെ റെയില്‍വേ സ്റ്റേഷനുകള്‍, വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു ഇടങ്ങളിലും നമ്പര്‍ പ്രദര്‍ശിപ്പിക്കാന്‍ സംവിധാനം ഒരുക്കാനും യോഗം തീരുമാനിച്ചു.

കുട്ടികള്‍ക്കെതിരായ എല്ലാ വിധ അതിക്രമങ്ങള്‍ക്കും അറുതിവരുത്താന്‍ സമൂഹം മുന്നോട്ടുവരണം. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍, സംഘടനകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലൂടെ അവ കൂടുതല്‍ ശക്തിപ്പെടുത്താനാവുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. അതിക്രമങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്‍മാരാക്കുകയാണ് ഏറ്റവും പ്രധാനം. സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇതിനായി പ്രയോജനപ്പെടുത്തണം. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെ ബാല സൗഹൃദങ്ങളാക്കുന്നതിനുള്ള സമഗ്രമായ പദ്ധതികള്‍ക്ക് രൂപം നല്‍കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. തുടക്കത്തില്‍ ഏതാനും പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കും.

വിദ്യാര്‍ഥികളെ ബസ്സില്‍ കയറ്റാതിരിക്കുക, മറ്റുള്ളവര്‍ കയറുന്നതു വരെ പുറത്തുനിര്‍ത്തുക, സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാതിരിക്കുക, അവരോട് മോശമായി പെരുമാറുക തുടങ്ങി ബസ്സ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാവുന്ന അതിക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന വിഷയത്തില്‍ യുവജന ക്ലബ്ബുകള്‍, കലാ-കായിക ക്ലബ്ബുകള്‍ തുടങ്ങിയവയുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. പട്ടികജാതി-പട്ടികവര്‍ഗ മേഖലകളിലെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിലും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ജില്ലയില്‍ നിന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 935 കേസുകളാണ് ചൈല്‍ഡ് ലൈനില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ 97 എണ്ണം പോക്സോ കേസുകളാണ്. 78 കേസുകള്‍ കുട്ടികളെ ദേഹോപദ്രവം ഏല്‍പ്പിച്ചതുമായി ബന്ധപ്പെട്ടവയും 20 കേസുകള്‍ ശൈശവ വിവാഹം, നാലെണ്ണം ബാലവേല എന്നിവയുമായി ബന്ധപ്പെട്ടവയുമാണ്. 97 ശതമാനം പോക്സോ കേസുകളിലും അതിക്രമങ്ങള്‍ നടന്നത് പെണ്‍കുട്ടികള്‍ക്കു നേരെയാണ്. 66 ശതമാനം കേസുകളും സ്‌കൂളില്‍ നിന്നോ വീട്ടില്‍ നിന്നോ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട കേസുകളില്‍ മുന്‍കൂട്ടി വിവരം ലഭിച്ച 18 എണ്ണത്തില്‍ വിവാഹം തടയാനായി. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ പരമാവധി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് സംവിധാനമൊരുക്കണം. എല്ലാ വിദ്യാലയങ്ങളിലും ഇതുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ബന്ധപ്പെട്ടവര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി സബ്ജഡ്ജ് സി സുരേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, വ്യവസായ മന്ത്രിയുടെ പ്രതിനിധി പി പുരുഷോത്തമന്‍, തുറമുഖ വകുപ്പ് മന്ത്രിയുടെ പ്രതിനിധി യു ബാബു ഗോപിനാഥ്, സിഡബ്ല്യുസി ചെയര്‍മാന്‍ ഡോ. ഇ സി ജോസഫ്, പോക്സോ സ്പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ ബീന കാളിയത്ത്, ചൈല്‍ഡ് ലൈന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അമല്‍ജിത്ത് തോമസ്, സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ പി പി സുമേഷ്, സപ്പോര്‍ട്ട് കോ-ഓര്‍ഡിനേറ്റര്‍ കെ ടി അമൃത, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Related Posts