ആറുനില കെട്ടിടത്തിലേക്ക് ഇരിവേരി സി എച്ച് സി മാറാനൊരുങ്ങുന്നു

ചക്കരക്കല്ല് സാമൂഹികാരോഗ്യ കേന്ദ്രത്തിൻ്റെ രൂപരേഖ
സ്വന്തം പ്രതിനിധി

  • ചക്കരക്കല്ല്: ആറുനില കെട്ടിട സമുച്ചയത്തിലേക്ക് മാറി ആധുനികതയുടെ മുഖച്ഛായക്കൊരുങ്ങുകയാണ് ചക്കരക്കൽ സാമൂഹികാരോഗ്യ കേന്ദ്രം. രോഗികളുടെ ആധിക്യത്തിനനുസരിച്ച് സൗകര്യങ്ങൾ വർദ്ധിപ്പിക്കാനായി പഴയ ബ്ലോക്കുകൾ പൂർണ്ണമായും പൊളിച്ചുനീക്കി.

നബാർഡിൻ്റെ ദാരിദ്ര്യ ലഘൂകരണ പദ്ധതിയിൽ ഉൾപ്പെടുത്തി 10.90 കോടി രൂപ നാലുനിലകൾ പണിയാൻ വിനിയോഗിക്കും. കെ കെ രാഗേഷ് എംപി രണ്ട് നിലകൾ പണിയാൻ എം പി ഫണ്ടിൽ നിന്നും ബാക്കി തുക വകയിരുത്തും. ദേശീയ മാനദണ്ഡമനുസരിച്ച് രോഗീ സൗഹൃദമായിട്ടായിരിക്കും ആശുപത്രിയുടെ നിർമ്മാണം.
വിവിധ നിലകളിൽ കുട്ടികളുടെ ഒ.പി, ഗൈനക്കോളജി, ജനറൽ മെഡിസിൻ, എന്നിവ സജ്ജീകരിക്കും. ഇപ്പോൾ പതിനൊന്ന് ഡോക്ടർമാരുടെ സേവനം സായാഹ്ന ഒപിയിൽ ഉൾപ്പെടെ ലഭിക്കുന്നുണ്ട്.

ഇതിനു ആനുപാതികമായി പരാമെഡിക്കൽ സ്റ്റാഫുമുണ്ട്. വിവിധ പരിശോധനകൾ നടത്താൻ കഴിയുന്ന ലാബുകൾ, ഫാർമസി, ലേബർ റും, ഓപ്പറേഷൻ തിയറ്റർ, കുറ്റമറ്റ ആംബുലസ് സർവ്വീസ്, എന്നിവയും സജ്ജീകരിക്കും.
ആശുപത്രിയിലെത്തുന്ന രോഗികളെ രോഗ തീവ്രതയ്ക്ക് അനുസരിച്ച് തരം തിരിക്കുന്ന ‘ഡ്രയാജ്’ സംവിധാനം ഏർപ്പെടുത്തും. സ്ത്രീ സൗഹൃദവും ഭിന്നശേഷി സൗഹൃദവുമായ ശൗചാലയങ്ങൾ, കുട്ടികൾക്ക് കളിസ്ഥലം, പൂന്തോട്ടം, ഔഷധസസ്യ ഉദ്യാനം, കുടിവെള്ളം, അത്യാന്താധുനിക രീതിയിലുള്ള മാലിന്യ നിർമ്മാർജ്ജന പ്ലാൻ്റ്, എന്നിവയും ഒരുക്കുന്നുണ്ട്.
1957 ൽ ആരംഭിച്ച ഇരിവേരി പ്രാഥമിക ആരോഗ്യ കേന്ദ്രം പിന്നീട് കുടുംബാരോഗ്യ കേന്ദ്രമായും സാമൂഹ്യാരോഗ്യ കേന്ദ്രമായും ഉയർത്തുകയായിരുന്നു.

ദിനേന 1000 ൽ അധികം രോഗികൾ എത്തുന്ന ഇവിടെ സൗകര്യങ്ങൾ വർദ്ധിക്കുന്നത് രോഗികൾക്ക് ആശ്വാസമാവും.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിന്റെ സിരാ കേന്ദ്രമായ ചക്കരക്കല്ലിന്റെ മുഖഛായ തന്നെ മാറുന്ന ഒട്ടേറെ പദ്ധതികൾ
അവസാന ഘട്ടത്തിലാണ്.
നാട്ടുകാരൻ കൂടിയായ രാജ്യസഭാ എം പി കെ കെ രാഗേഷിന്റെ നേതൃത്യത്തിൽ നടക്കുന്ന വികസന പദ്ധതികൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ പൂർണ്ണ പിന്തുണയുണ്ട്.

 

 

 

Related Posts