ആളെ കൊന്നിട്ടോ കൊല്ലാന്‍ ശ്രമിച്ചിട്ടോ ഒരു പാര്‍ട്ടിയും വളരില്ല: സി പി എം

KOL NEWS DESK

തലശ്ശേരി:  ആളെ കൊന്നിട്ടോ കൊല്ലാന്‍ ശ്രമിച്ചിട്ടോ ഒരു പാര്‍ട്ടിയും വളരില്ല. സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടാണത്-സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം.വി.ഗോവിന്ദന്‍. സി.ഒ.ടി. വിഷയത്തില്‍ പാര്‍ട്ടി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നസീറിനെ ആക്രമിക്കാന്‍ സിപിഎമ്മിന് ഒരു പ്രകോപനവുമില്ല. സിപിഎമ്മിനെ വെല്ലുവിളിക്കാനുള്ള രാഷ്ട്രീയ അടിത്തറയുള്ളയാളല്ല നസീര്‍. പാര്‍ട്ടി വിരുദ്ധ നിലപാടുകളുടെ ഭാഗമായി പാര്‍ട്ടിയില്‍നിന്നു പോയി. പത്തറുനൂറ് വോട്ട് എങ്ങനെയോ വോട്ടര്‍മാര്‍ തെറ്റി ചെയ്തതാകാം. ഇങ്ങനെ ഒരാളെ സിപിഎം എന്തിന് ആക്രമിക്കണം? നസീറിനെ ആക്രമിച്ചതിന്റെ ഗുണഭോക്താവ് ആരാണെന്നു ചിന്തിക്കണം. അതെന്തായാലും സിപിഎം അല്ല. പാര്‍ട്ടിക്കു പങ്കില്ലാത്ത വിഷയത്തില്‍ പാര്‍ട്ടിയെ ആക്രമിക്കാന്‍ എ.എന്‍.ഷംസീറിനെ ആക്രമിക്കുകയാണു രാഷ്ട്രീയ ശത്രുക്കള്‍- ഗോവിന്ദന്‍ പറഞ്ഞു.

സി ഒ ടി നസീര്‍

സി.ഒ.ടി.നസീറിന്റെ വധശ്രമത്തിനു പിന്നില്‍ പാര്‍ട്ടിക്കാരുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ലെന്നും പൊലീസ് കണ്ടെത്തുന്ന ഒരു പ്രതിയെയും സംരക്ഷിക്കില്ലെന്നും പൊലീസ് അന്വേഷണത്തില്‍ ഇടപെടുകയുമില്ലെന്നും ഗോവിന്ദന്‍ നയം വ്യക്തമാക്കി.

 

സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് പി ജയരാജന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോള്‍. മുഖം തിരിച്ചു നില്‍ക്കുന്ന ഭാവത്തിലായിരുന്നു നസീര്‍. ഫയല്‍ ചിത്രം

എന്റെ പേര് പറയാന്‍ ചിലര്‍ നിര്‍ബന്ധിച്ചു:  പി.ജയരാജന്‍ 

സി.ഒ.ടി.നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോള്‍ വധശ്രമത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും പാര്‍ട്ടിയുമായി ബന്ധമുള്ള ചിലര്‍ക്കു പങ്കുണ്ടെന്നുമാണു തന്നോടു പറഞ്ഞതെന്നു സിപിഎം സംസ്ഥാനസമിതിയംഗം പി.ജയരാജന്‍ വ്യക്തമാക്കി. നസീര്‍ ഇപ്പോഴും ആ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ആശുപത്രിയില്‍നിന്നു വന്നശേഷം വീട്ടില്‍ പോയി നസീറിനെ കണ്ടിരുന്നു. എന്റെ പേര് പറയാന്‍ ചിലര്‍ നിര്‍ബന്ധിച്ചുവെന്നും കേന്ദ്രസര്‍ക്കാരിന്റെ സംരക്ഷണം വരെ വാഗ്ദാനം ചെയ്തുവെന്നും നസീര്‍ പറഞ്ഞു. എന്നാല്‍ എന്റെ പേര് പറയാന്‍ നസീര്‍ തയാറായില്ല. നസീറിന്റെ വിഷയം പാര്‍ട്ടി പരിശോധിച്ചിട്ടുണ്ട്. അക്കാര്യം മാധ്യമങ്ങളോടു പറയാന്‍ എനിക്ക് മനസ്സില്ലെന്നും പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും പി ജയരാജന്‍ പറഞ്ഞു. തെറ്റ് സംഭവിച്ചാല്‍ അംഗമായാലും നേതാവായാലും പാര്‍ട്ടി നടപടിയെടുക്കും. അതു പക്ഷേ കോണ്‍ഗ്രസിനോ ബിജെപിക്കോ കഴിയാത്ത കാര്യമാണെന്നും പി ജയരാജന്‍ അവകാശപ്പെട്ടു.

തലശ്ശേരി സ്‌റ്റേഡിയം നവീകരണത്തില്‍ നസീര്‍ അഴിമതി ആരോപിച്ചിട്ടുണ്ട്. ഈ ആക്ഷേപത്തില്‍ കുറച്ച് അടിസ്ഥാനമുണ്ട്. പുല്‍ത്തകിടിയുടെ കാര്യത്തില്‍ ചില അപാകതകള്‍ വന്നിട്ടുണ്ട്. അതു കരാറുകാര്‍ പരിഹരിക്കേണ്ടതാണ്. അല്ലാതെ അത് അഴിമതിയല്ല- ജയരാജന്‍ പറഞ്ഞു.

പാര്‍ട്ടിയെ തകര്‍ക്കാന്‍  നുണപ്രചാരണമാണെന്ന് വധശ്രമക്കേസില്‍ അരോപണവിധേയനായ എ.എന്‍.ഷംസീര്‍ എംഎല്‍എ

അതേ സമയം സി.ഒ.ടി.നസീറിനെതിരായ ആക്രമണത്തിന്റെ പേരില്‍ നടക്കുന്നതു സംഘടിതമായ നുണപ്രചാരണമാണെന്ന് വധശ്രമക്കേസില്‍ അരോപണവിധേയനായ എ.എന്‍.ഷംസീര്‍ എംഎല്‍എ ആരോപിച്ചു. വ്യക്തിപരമായി തന്നെ ആക്രമിക്കാന്‍ ശ്രമിക്കുന്നതു പാര്‍ട്ടിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ്. സിപിഎമ്മിന്റെ രാഷ്ട്രീയ ശത്രുക്കള്‍ക്ക് ആക്രമിക്കപ്പെട്ടയാളോടുള്ള സ്‌നേഹമല്ല, സിപിഎമ്മിനോടുള്ള വിരോധം മാത്രമാണു കാണാന്‍ കഴിയുന്നതെന്നും ഷംസീര്‍ പറഞ്ഞു.

രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയില്‍ പൊലീസ് പ്രത്യേക അപേക്ഷ നല്‍കും

വധശ്രമത്തില്‍ എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ പങ്കിനെക്കുറിച്ചു താന്‍ മൊഴി നല്‍കിയിരുന്നുവെന്നു നസീര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജനപ്രതിനിധിയുടെ പേര് നസീര്‍ പറഞ്ഞില്ലെന്നായിരുന്നു ആദ്യഘട്ടത്തില്‍ പൊലീസ് നിലപാട്. നസീറിന്റെ മൊഴി മൂന്നു തവണ എടുക്കേണ്ടി വന്നതും മൊഴികളില്‍ വൈരുധ്യമുള്ളതുമാണു രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത്. ക്രിമിനല്‍ നടപടി ക്രമം 164 വകുപ്പ് അനുസരിച്ച് മജിസ്‌ട്രേട്ട് മുന്‍പാകെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയില്‍ പൊലീസ് പ്രത്യേക അപേക്ഷ നല്‍കും. നസീര്‍ പൊലീസിനു നല്‍കിയ മൊഴികള്‍ സംബന്ധിച്ച ആശയക്കുഴപ്പം അവസാനിപ്പിക്കാനാണു പൊലീസ് ആലോചിക്കുന്നത്.

 

Related Posts