വിപണി ഗുരുതരമായ പ്രത്യാഘാതത്തിലേക്ക്; രാജ്യം കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക്

KOL NEWS DESK

ഓണം പടിവാതിക്കലെത്തി, പ്രളയാനന്തര കേരളത്തിന് അതിജീവിക്കാനുള്ള എല്ലാ ശ്രമങ്ങളും എല്ലാവരുടേയും ഭാഗത്ത് നിന്നുമുണ്ടാവുന്നുണ്ട്. എന്നാല്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. ഓണ വിപണിയില്‍ വലിയ മാന്ദ്യതയാണ് അനുഭവപ്പെടുന്നത്. വ്യവസായ ഉല്‍പ്പാദനം കുറയുന്നു, ഫാക്‌റികള്‍ പൂട്ടുന്നു, തൊഴിലാളികള്‍ വഴിയാധാരമാക്കപ്പെടുന്നു, വളര്‍ച്ച മുരടിക്കുന്നു, ബാങ്കുകള്‍ വായ്പ നല്‍കാന്‍ തയാറായിട്ടും അത് എടുക്കാന്‍ വ്യവസായികള്‍ മുന്നോട്ടു വരുന്നില്ല, ഡിമാന്‍ഡ് തീരെ കുറയുന്നു, ഉപഭോക്താക്കള്‍ വിപണിയെ കൈയൊഴിയുന്നു- ഇതാണ് രാജ്യത്തെ നിലവിലെ അവസ്ഥ. ഇന്ത്യ മാത്രമല്ല, ലോകമെങ്ങും പ്രതിസന്ധിയുടെ അപായ സൂചനകളാണ്. പല രാജ്യങ്ങളിലെയും സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് സര്‍ക്കാരിനെ രക്ഷിക്കാന്‍ കഴിയുന്നില്ല. ഇതിനിടയിലാണ് യുഎസും ചൈനയും കടുത്ത വ്യാപാര മത്സരങ്ങളില്‍ ഏര്‍പ്പെടുന്നത്. അത് ആഗോള വിപണിയെ കുറേക്കൂടി ബുദ്ധിമുട്ടിലാക്കുന്നു. ഇനി ബ്രിട്ടന്‍ യൂറോപ്യന്‍ വിപണിയുമായി ബന്ധം വിച്ഛേദിക്കുന്നതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകും. രാഷ്ട്രാന്തര നാണയനിധിയും ലോകബാങ്കും പറയുന്നത് റിസഷനിലേക്കു തന്നെയാണ് കാര്യങ്ങളുടെ പോക്ക് എന്നാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി 3.2 ശതമാനം വളര്‍ച്ചാ നിരക്ക് നേടിയ ആഗോള സമ്പദ് വ്യവസ്ഥ ഇപ്പോള്‍ 2.7 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുകയാണ്. റിസഷന്‍ എന്നു വിളിക്കാവുന്ന സാമ്പത്തിക മാന്ദ്യത്തിലേക്ക് പല രാജ്യങ്ങളും കൂപ്പു കുത്തുമെന്നാണ് കരുതുന്നത്. 2007-2009ലാണ് ഇതിനു സമാനമായ ഒരു സ്ഥിതിവിശേഷം ഉണ്ടായത്. ലോകമെങ്ങും അനുഭവപ്പെടുന്ന സാമ്പത്തിക മാന്ദ്യത്തിന് ഏതാണ്ട് ഒരേ മുഖച്ഛായയാണ്. ഗള്‍ഫിലെ തൊഴിലവസരം കുറഞ്ഞത് ഒട്ടേറെ കുടുംബങ്ങളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റ് തുടങ്ങിയതും കേരള വിപണിയെ പ്രതിസന്ധി ബാധിക്കാന്‍ മറ്റൊരു കാരണമായി. ഇപ്പോള്‍ സര്‍ക്കാരുകളും കടക്കെണിയിലാണ്. രാജ്യത്ത് നോട്ടു നിരോധനവും ജിഎസ്ടിയും ഒരു പ്രത്യാഘാതവും ഉണ്ടാക്കിയില്ല എന്നായിരുന്നു മോദി സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത്. നോട്ട് നിരോധനത്തിന്റെ ബാക്കി പത്രമാണ് വ്യവസായ, റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ കാണുന്ന തകര്‍ച്ച. ജിഎസ്ടിയെ ഇനിയും ലളിതവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ്. കേന്ദ്രസര്‍ക്കാര്‍ ശരിക്കും ഇരുട്ടില്‍ത്തപ്പുന്ന സ്ഥിതിയാണ്. രാജ്യം ഒരു റിസഷനിലേക്കു നീങ്ങിയാല്‍ കരകയറാന്‍ മൂന്നോ നാലോ വര്‍ഷമെടുക്കും. ഈയൊരു സാഹചര്യത്തിലാണ് വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷനെ ഉടച്ചു വാര്‍ത്ത വാര്‍ത്തകളെ ഗൗരവപൂര്‍വ്വം സമീപിക്കേണ്ടത്. സാമ്പത്തിക അസ്ഥിരതയില്‍ കരകയറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്, ബിമല്‍ കുമാര്‍ റായ് ചെയര്‍മാനായ പുതിയ സമിതി നിലവില്‍ വന്നത്. സാമ്പത്തിക രംഗത്ത് ഏറ്റവും സുപ്രധാനമാണ് കൃത്യമായ ഡേറ്റ. അതു ലഭ്യമാക്കാന്‍ കൂടിയാണു പുതിയ നീക്കം. കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധതാ പദ്ധതികളിലെ ലംഘനങ്ങളെ ക്രിമിനല്‍ കുറ്റമല്ലാതാക്കിയും ചെറുകിട, ഇടത്തരം നാമമാത്ര സംരംഭങ്ങള്‍ക്ക് പൊതുനിര്‍വ്വചനം കൊണ്ടുവന്നും ആദായ, ചരക്ക് സേവന നികുതികള്‍ അടയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ പരമാവധി ലളിതമാക്കിയും ഉയര്‍ന്ന ശ്രേണിയിലുള്ള ആദായ നികുതിദായകര്‍ നല്‍കുന്ന സര്‍ചാര്‍ജ് പിന്‍വലിച്ചും സര്‍ക്കാര്‍ സാമ്പത്തികമാന്ദ്യത്തെ മറികടക്കാനുള്ള ശ്രമത്തിലാണ്. അടുത്ത സ്വാതന്ത്ര്യദിനത്തില്‍ സര്‍ചാര്‍ജ് പിന്‍വലിക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. അഞ്ച് വര്‍ഷത്തില്‍ 100 ലക്ഷം കോടി രൂപ മുതല്‍ മുടക്കുള്ള ആധുനിക അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ തീരുമാനിക്കാന്‍ മന്ത്രാലയതല കര്‍മ സമിതി രൂപീകരിക്കുമെന്നു ധനമന്ത്രി പറഞ്ഞു. ഇത് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുമെന്നു പ്രതീക്ഷ. സര്‍ക്കാരില്‍നിന്ന് വികസന പദ്ധതികള്‍ക്കു ലഭിക്കേണ്ട പണം വേഗത്തില്‍ ലഭ്യമാക്കുന്നതിന് ധനമന്ത്രാലയത്തില്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്. കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധതാ പദ്ധതികളിലെ (സിഎസ്ആര്‍) ലംഘനങ്ങള്‍ ഇനി മുതല്‍ സിവില്‍കുറ്റം മാത്രം. ഇതിനായി കമ്പനി നിയമം ഭേദഗതി ചെയ്യും.
ചെറുകിട, ഇടത്തരം, നാമമാത്ര (എംഎസ്എംഇ) സംരംഭങ്ങള്‍ക്കു പൊതു നിര്‍വചനം കൊണ്ടുവരും. എംഎസ്ഇകള്‍ക്കുള്ള വായ്പ ലഭ്യത, മാര്‍ക്കറ്റിംഗ്, സാങ്കേതികവിദ്യ തുടങ്ങിയവ സംബന്ധിച്ച് യു.കെ.സിന്‍ഹ സമിതി നല്‍കിയ ശുപാര്‍ശകളില്‍ 30 ദിവസത്തിനകം നടപടി. തൊഴില്‍ ലഭ്യതയില്‍ നിര്‍ണായക പങ്കുള്ള ഓട്ടമൊബീല്‍ മേഖല വലിയ പ്രതിസന്ധി നേരിടുന്ന സ്ഥിതിയിലാണ് ഉത്തേജന പ്രഖ്യാപനങ്ങളുണ്ടായത്. ഈവാഹനങ്ങളുടെ വില്‍പനയില്‍ വലിയ ഇടിവുണ്ടായി, പല ഡീലര്‍മാരും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ഈ മേഖലയില്‍ മാത്രം കഴിഞ്ഞ 3 മാസത്തില്‍ 2 ലക്ഷം പേര്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടെന്നാണു കണക്ക്. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ഇലക്ട്രിക് ബാറ്ററികളുടെ ഉല്‍പാദത്തിനും സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നുവെന്നത് ആശയക്കുപ്പത്തിന് ഇടയാക്കിയെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്നെ ഇന്നലെ വ്യക്തമാക്കി. ബിഎസ്–4 വാഹന മേഖല വലിയ പ്രശ്‌നത്തിലായെന്നും മന്ത്രി പറഞ്ഞു. വാഹന റജിസ്‌ട്രേഷന്‍ തുക ഒറ്റത്തവണയായി ആദ്യംതന്നെ അടയ്ക്കുകയെന്ന നിര്‍ദേശവും പ്രതിഷേധത്തിന് ഇടയാക്കി. വാഹനങ്ങള്‍ക്കുള്ള വായ്പ ലഭ്യത എളുപ്പത്തിലാക്കുന്നതും പലിശനിരക്കില്‍ ഇടയ്ക്കിടെ പ്രഖ്യാപിക്കപ്പെടുന്ന ഇളവുകളുടെ ആനുകൂല്യം ലഭിക്കുന്നതും ഓട്ടമൊബീല്‍ മേഖലയില്‍ ഉണര്‍വുകൊണ്ടുവരുമെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ആദായ നികുതി റിട്ടേണ്‍ നല്‍കുന്നതിനുള്ള ഫോമില്‍ വിവരങ്ങള്‍ മുന്‍കൂര്‍ ലഭ്യമാക്കി നല്‍കുന്നത് (പ്രീഫില്ലിങ്) ഉള്‍പ്പെടെ ഇതിന്റെ ഭാഗമാണ്. ഒക്ടോബര്‍ 1 മുതല്‍ കംപ്യൂട്ടറിലൂടെ അല്ലാതെ ലഭിക്കുന്നതും സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ (ഡിഐഎന്‍) ഇല്ലാത്തതുമായ ആദായനികുതി നോട്ടിസുകളും മറ്റും നിയമപരമായ രേഖയല്ലാതാകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 1നു മുന്‍പുള്ള നോട്ടിസുകള്‍ വീണ്ടും കംപ്യൂട്ടര്‍ സംവിധാനത്തിലൂടെ ലഭ്യമാക്കും.ഒക്ടോബര്‍ 1 മുതല്‍, നോട്ടിസുകള്‍ മറുപടി ലഭിച്ച് 3 മാസത്തിനകം തീര്‍പ്പാക്കും. നികുതിദായകരെ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നുവെന്ന പരാതി സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നു. യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്ന നികുതി വരുമാനമാണ് ലക്ഷ്യമിടുന്നതെന്നും അതുകൊണ്ടുതന്നെ നികുതിദായകരെ വേട്ടയാടുന്ന രീതി ഒഴിവാക്കണമെന്നുമാണു സര്‍ക്കാര്‍ നിലപാട്. നികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ തീര്‍ത്തും ഒഴിവാക്കാനാവാത്ത സാഹചര്യത്തിലൊഴികെ നേരിട്ടു കാണേണ്ടതില്ലാത്ത രീതിയിലേക്ക് സംവിധാനങ്ങള്‍ മാറുകയാണ്. ഇതിനുള്ള നടപടികള്‍ അടുത്ത വിജയദശമി ദിനത്തില്‍ പ്രാബല്യത്തില്‍ വരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. നികുതിവെട്ടിപ്പുകാരെ പ്രോസിക്യൂട്ട് ചെയ്ത് കോടതികയറ്റുന്നതിനും ജയിലിലാക്കുന്നതിനും പകരം പിഴ ഈടാക്കി കേസ് അവസാനിപ്പിക്കാനാണ് നിര്‍ദേശം. എന്നാല്‍, ഈ സമീപനത്തോടു പ്രത്യക്ഷ നികുതി ബോര്‍ഡിന് വിയോജിപ്പുണ്ടെന്നാണു സൂചന. ബാങ്ക് വായ്പ തട്ടിപ്പു കേസില്‍പ്പെട്ടശേഷം വിദേശത്തേക്കു കടന്ന വിജയ് മല്യയുടെ സ്ഥാപനം ടിഡിഎസ് ഇനത്തില്‍ സര്‍ക്കാരിനു നല്‍കാനുള്ളത് ഏകദേശം 800 കോടി രൂപയാണ്. ഇത്തരക്കാരോട് ഉദാര സമീപനം സ്വീകരിച്ചാല്‍, നികുതി വരുമാനം കുറയുമെന്നത് ഒരു പ്രശ്‌നം. വന്‍കിട നികുതി വെട്ടിപ്പുകാരുകളുള്‍പ്പെടെ പിഴയടച്ചു തടിതപ്പുമെന്നതു നിലവിലെ ആദായ നികുതി നിയമത്തിന്റെ അന്തസ്സത്തയ്ക്കു നിരക്കുന്നതല്ലെന്നും ബോര്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Related Posts