കണ്ണൂര്‍: കാസര്‍കോട് മണ്ഡലത്തില്‍ നടന്ന കള്ളവോട്ടിനെക്കുറിച്ചു മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് കെ. സുധാകരന് ആവശ്യപ്പെട്ടു. പരാതിപ്പെട്ടിടും കലക്ടറും ഉദ്യോഗസ്ഥരും നിഷ്ക്രിയരായി മാറിനിന്നു. കള്ളവോട്ട് സംബന്ധിച്ച കേസുകള്‍ അനന്തമായി നീളുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും കെ.സുധാകരന് കണ്ണൂരില്‍ പറഞ്ഞു. സിപിഎം കള്ളവോട്ട് ചെയ്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാസര്‍കോട് മാത്രം അയ്യായിരത്തിലധികം കള്ളവോട്ട് നടന്നെന്നാണ് വിവരം. വോട്ടെടുപ്പിന് മുമ്പ് തന്നെ യുഡിഎഫ് മുന്നറിയിപ്പു നല്‍കിയെങ്കിലും പൊലീസോ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോ തടയാന്‍ നടപടിയെടുത്തില്ല. ഉദ്യോഗസ്ഥര്‍ക്കും കളളവോട്ടില്‍ പങ്കുള്ളതായി സംശയിക്കുന്നതായും ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ നടന്ന കള്ളവോട്ടിന്റെ തെളിവുകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലാണ് കള്ളവോട്ട് നടന്നത്. സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ളവരാണ് കള്ളവോട്ട് ചെയ്യുന്നത്. ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന് പറഞ്ഞു. കള്ളവോട്ട് നടന്ന ബൂത്തുകളെക്കുറിച്ച് കൃത്യമായ കണക്കുണ്ടെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി. തെളിവുകള്‍ ശേഖരിച്ച് നിയമപോരാട്ടം നടത്തുമെന്നും സതീശന് പാച്ചേനി വ്യക്തമാക്കി.
കാസര്‍കോട്ടെ കള്ളവോട്ടു ദൃശ്യങ്ങളെക്കുറിച്ചു റിപ്പോര്‍ട്ട് തേടുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. കലക്ടര്‍, അസി. റിട്ടേണിങ് ഓഫീസര്‍, പ്രിസൈഡിങ് ഓഫീസര്‍ എന്നിവരോടാണു റിപ്പോര്‍ട്ട് തേടുന്നത്. ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം തുടര്‍നടപടിയുണ്ടാകും.