തലശ്ശേരി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകള്‍ തിയിട്ട കേസില്‍ രണ്ട് ബി.ജെ.പി.പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. കൊളശ്ശേരി കാവുംഭാഗം വാവാച്ചിമുക്കില്‍ ഡി വൈ എഫ് ഐ മേഖലാ കമ്മിറ്റിയംഗവും യൂനിറ്റ് സിക്രട്ടറിയുമായ മനോജ്ജത്തില്‍ താഴെ പുരയില്‍ റിജിന്റെയും അച്ഛന് സി പി എം ബ്രാഞ്ച് അംഗം രവീന്ദ്രന്റെയും വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ച കേസിലാണ് വാവാച്ചി മുക്കിലെ വലിയ പറമ്പത്ത് അശ്വിന് (29), കാവുംഭാഗം ശിവശക്തിയില്‍ വി.കെ.മീറജ് (33) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാന്റ് ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകളും സൈക്കിളും കത്തിനശിച്ചത്. വാഹനങ്ങള്‍ കത്തിയതോടെ തീ പടര്‍ന്ന് വീടിനും നാശനഷ്ടം സംഭവിച്ചിരുന്നു. ചുമര് തേപ്പുകള്‍ കരിഞ്ഞു. ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. രണ്ടര ലക്ഷത്തിന്റെ നാശനഷ്ടം ഉണ്ടായെന്നാണ് പരാതി. ജനല്‍ ഗ്ലാസുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ രണ്ടുപേര്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുന്നത് കണ്ടിരുന്നുവെന്ന് വീട്ടുകാര്‍ മൊഴി കൊടുത്തിരുന്നു. പൊലീസ് സമീപത്തെ സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.