കണ്ണൂര്‍: കേരള പൊലീസ് നായകള്‍ക്ക് കാലങ്ങളായി നല്കി വരുന്ന ഭക്ഷണമെനു മാറ്റി. പകരം മാസങ്ങളായി നല്‍കുന്നത് കൃത്രിമ ഭക്ഷണം. എല്ലാ ദിവസവും രാവിലെയും വൈകിട്ടും ബീഫ്, ചോറ്, പച്ചക്കറി അടങ്ങിയ ഭക്ഷണമാണ് കെ 9 സ്ക്വാഡി (ഡോഗ് സ്ക്വാഡിന്റെ പുതിയ പേര്)ലെ നായകള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ എന്‍ ആന്റ് ടി ഫാര്മിന, പിഡിഗ്രി തുടങ്ങിയ കൃത്രിമ ഭക്ഷണമാണ് നല്‍കുന്നത്.
എല്ലാ ദിവസവും 250 ഗ്രാം ബീഫും അതിന് അനുസരിച്ചുള്ള ചോറും പച്ചക്കറിയും കഴിച്ചിരുന്ന സ്ഥാനത്താണ് ഇത് ലഭിക്കുന്നത്. നേരത്തെ അതാത് പ്രദേശത്ത് നിന്നും ഭക്ഷണ സാധനങ്ങള്‍ വാങ്ങിയാണ് ഡോഗ് സ്ക്വാഡിലെ മെനു തയ്യാറാക്കിയിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ എല്ലാ സ്ക്വാഡുകളിലേക്കും തിരുവനന്തപുരത്ത് നിന്നുമാണ് കൃത്രിമ ഫുഡ് എത്തിക്കുന്നത്.
മിണ്ടാപ്രാണികളായ പൊലീസ് നായ്ക്കളുടെ കാര്യത്തില്‍ ഭക്ഷണ നിയന്ത്രണം പോഷകാഹാര വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്താണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ഡോഗ് സ്ക്വാഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ കേരള പൊലീസ് കെ9ല്‍ തന്നെ നായകള്‍ക്ക് ഇറച്ചിയും പച്ചക്കറിയും നല്‍കുന്നതിന്റെ പ്രാധാന്യം എടുത്തുപറയുന്നുണ്ട്. ഈ ഭക്ഷണക്രമം നായയെ ശരിയായ ക്ഷാരആസിഡ് ബാലന്‍സ് നിലനിര്‍ത്താനും അവരുടെ ബുദ്ധിശക്തി മെച്ചപ്പെടുത്താനും സഹായിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.
സന്തുലിതമായ നല്ലതുമായ ഭക്ഷണക്രമമെന്ന നിലയില്‍ നായയുടെ 100 ശതമാനം ഭക്ഷണത്തില്‍ 30 ശതമാനം പേശി മാംസവും 10 ശതമാനം അവയവ മാംസവും 10 ശതമാനം അസ്ഥിയും (കാല്, കഴുത്ത്, ചിറക്, വാല് അസ്ഥികള്‍ എല്ലാം മികച്ചതാണ്) 10 ശതമാനം പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണമെന്ന് പറയുമ്പോള്‍ തന്നെയാണ് ആഭ്യന്തര വകുപ്പ് ശ്വാനപ്പടക്ക് ബീഫും ചോറും പച്ചക്കറിയും നിഷേധിച്ചിരിക്കുന്നത്.
നിലവില്‍ 200 ഓളം നായകളാണ് പൊലീസ് സേനയിലുള്ളത്. ഒരു നായക്ക് രണ്ടു പരിശീലകര്‍ എന്ന തോതിലാണ് ഡോഗ് സ്ക്വാഡ്. നാല്അഞ്ച് മാസമുള്ള നായകളെ ഒന്‍പത് മാസത്തെ പരിശീലനമാണ് നല്‍കുന്നത്. കഴിഞ്ഞ നാലു വര്‍ഷമായി പൊലീസ് നായകള്‍ക്ക് ഡ്യൂട്ടി ഭാരമാണ്. എല്ലാ ദിവസവും രാവിലെ എട്ടു മണി മുതല്‍ റെയ്ഡാണ്. തിരുവനന്തപുരത്ത് 1959ലാണ് മൂന്ന് അല്സേഷ്യന് നായ്കുട്ടികളുമായി കുറ്റാന്വേഷണ സഹായത്തിനായി ഡോഗ്് സ്ക്വാഡ് നിലവില്‍ വന്നത്. നാളിതുവരെയായി 103 നായകളും അവരുടെ ഹാന്‍ഡ്ലര്‍മാരും പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
ഡോഗ് സ്ക്വാഡിന്റെ പേരും രൂപവും നവംബര്‍ ഒന്നു മുതലാണ് കെ നയന്‍ സ്ക്വാഡ് എന്ന പേരിലേക്ക് മാറിയത്. ബോംബ് സ്ക്വാഡിലെ മൂന്ന് വയസ്സുകാരന് ജൂഡോ ബ്ലാക്കിയുടെ കടുത്ത ചൂടിന്റെ സമ്മര്‍ദ്ദമുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ശ്വാനപ്പടക്ക് ശീതീകരിച്ച വാഹന സൗകര്യം ഒരുക്കിയെങ്കിലും ആരോഗ്യപരിപാലനത്തില്‍ ആശങ്കയുള്ള കൃത്രിമ ഭക്ഷണം നല്‍കുന്നതിലൂടെ അവയുടെ നിലവാരം തകര്‍ക്കുകയാണെന്ന ആക്ഷേപത്തിനാണ് ബീഫ് ഉള്‍പ്പെടെയുള്ള ഭക്ഷണ നിരോധനം വഴിവെക്കുക.
തലസ്ഥാനത്ത് മുഖ്യമന്ത്രിക്ക് സല്യൂട്ട് നല്കിയ പൊലീസ് നായ്ക്കള്‍ക്ക് നിലവാരമില്ലെന്ന ഐ ജിയുടെ റിപ്പോര്‍ട്ടും കൂട്ടിവായിക്കുമ്പോള്‍ ആശങ്ക അസ്ഥാനത്തല്ലെന്ന് വ്യക്തമാണ്. പുതിയ 20 നായ്ക്കളെ രാജസ്ഥാനില്‍ നിന്നും പര്‍ച്ചേഴ്സ് ചെയ്യുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ പകുതി വിലക്ക് ലഭിക്കുന്ന നായകള്‍ക്ക് പകരം വലിയ തുകയ്ക്ക് ഇടപാട് നടത്തുന്നതിലെ അഴിമതിയുടെ നിഴല്‍ കേന്ദ്രീകൃത കൃത്രിമ ഭക്ഷണം പര്‍ച്ചേസിലും ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നേരത്തെ കേരള പൊലീസിന്റെ പുതിയ ഭക്ഷണ മെനുവില്‍ ബീഫ് ഒഴിവാക്കിയത് വിവാദമായിരുന്നു. പോഷകാഹാര വിദഗ്ധരാണ് മെനു തയ്യാറാക്കിയതെന്നും ബീഫ് കഴിക്കുന്നതിന് നിരോധനമില്ലെന്നുമായിരുന്നു വിവാദത്തെ കുറിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നത്.
……………………………….