പെര്‍മിറ്റ് ലംഘനവും അനധികൃത ചരക്കുകടത്തലും: മുന്നൂറു ബസുകള്‍ക്ക് പിഴ ചുമത്തി

KANNURONLIVE NEWS DESK

തിരുവനന്തപുരം: കേരളത്തിലൂടെ മുന്നൂറു ബസുകള്‍ ഓടുന്നത് നിയമം ലംഘിച്ച്. പെര്‍മിറ്റ് ലംഘനവും അനധികൃത ചരക്കുകടത്തലും, കണ്ടെത്തിയതിനെ തുടര്‍ന്ന് 2.4 ലക്ഷം രൂപ പിഴ ചുമത്തി. 45 ട്രാവല്‍ ഏജന്‍സികള്‍ക്കു നോട്ടീസ് നല്‍കി. കല്ലട ബസിലെ ആക്രമണത്തിനു പിന്നാലെയാണ് എംവിഡിയുടെ നടപടി. പെര്‍മിറ്റിന്റെ ഉള്‍പ്പെടെയുള്ള പലവിധത്തിലുള്ള നിയമലംഘനമാണ് ബസുകള്‍ നടത്തുന്നത്. അന്തര്‍സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കര്‍ശന നടപടി തുടരാന്‍ ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ ഡി.ജി.പിയെയും ട്രാന്‍സ്‌പോര്‍ട് കമ്മിഷണറെയും പങ്കെടുപ്പിച്ച് ഇന്ന് ഉന്നതതലയോഗം ചേരും. അതേസമയം അന്തര്‍സംസ്ഥാന ബസ് സര്‍വീസ് നടത്തുന്ന സുരേഷ് കല്ലട കമ്പനിയുടെ അതിക്രമത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ബസിലെ യാത്രക്കാരായ യുവാക്കളെ കമ്പനിയുടെ ജീവനക്കാര്‍, വൈറ്റില ജംഗ്ഷനു സമീപം നടുറോഡില്‍ മൃഗീയമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ആണു പുറത്തുവന്നത്. കാലുപിടിച്ച് അപേക്ഷിച്ചിട്ടും അക്രമിസംഘം വെറുതെവിട്ടില്ല. കേടായ ബസിനു പകരം ബസ് ആവശ്യപ്പെട്ട യാത്രക്കാര്‍ക്കു നേരെയായിരുന്നു ജീവനക്കാരുടെ അതിക്രമം.കൂടാതെ അന്തര്‍സംസ്ഥാന ടൂറിസ്റ്റ് ബസുകളില്‍ ജിപിഎസ് നിര്‍ബന്ധമാക്കും. ജൂണ്‍ 30ന് മുന്‍പ് ജിപിഎസ് ഘടിപ്പിക്കാത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്നു ഗതാഗത കമ്മിഷണര്‍ സുദേഷ് കുമാര്‍ പറഞ്ഞു. അമിതവേഗത്തില്‍ ഓടുന്ന ബസുകളുടെ ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടി കര്‍ശനമാക്കും.

 

 

Related Posts