ഫാനി ചുഴലിക്കാറ്റ്: കേരളത്തില്‍ നാളെ മുതല്‍ കാറ്റും മഴയും

KANNURONLIVE NEWS DESK

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി രൂപാന്തരപ്പെടുന്നു. ഇത് ഫാനി ചുഴലിക്കാറ്റായി 30ന് രാവിലെ തമിഴ്‌നാട്, ആന്ധ്ര, പുതുച്ചേരി തീരങ്ങള്‍ എത്തിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ 24 മണിക്കൂറിന് ശേഷം മാത്രമെ കാറ്റിന്റെ ദിശ കൃത്യമായി അറിയാന്‍ കഴിയൂവെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളത്തില്‍ നാളെ മുതല്‍ 30 വരെ ശക്തമായ കാറ്റും മഴയുമുണ്ടാകും. 29 ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലും 30ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നു (യെലോ അലര്‍ട്ട്) സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇതേ തുടര്‍ന്ന് ഈ ദിവസങ്ങളില്‍ പ്രസ്തുത ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മല്‍സ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കേരളതീരത്തും ഈ കാലയളവില്‍ മല്‍സ്യബന്ധനത്തിന് പോകരുത്. ഫാനി ചുഴലിക്കാറ്റിന് മണിക്കൂറില്‍ 90-115 കിലോമീറ്റര്‍ വേഗമുണ്ടാകുമെന്നാണു നിഗമനം. വേഗവും കര തൊടാനുള്ള സാധ്യതയും നാളെയ്ക്കകം കൂടുതല്‍ വ്യക്തമാകും. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇടിയോടു കൂടി കനത്ത മഴയും കാറ്റുമുണ്ടാകും. കേരളത്തില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്

 

Related Posts