ജില്ലയിലെ വിദ്യാലയങ്ങളില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചിത്വ പരിശോധന നടത്തും. സ്കൂളുകളിലെ ശൗചാലയങ്ങളുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരടങ്ങിയ ജില്ലാതല ടീമിന്റെ നേതൃത്വത്തിലായിരിക്കും പരിശോധന. സ്കൂളുകളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ 30 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. കാലവര്‍ഷക്കെടുതിയില്‍ ജില്ലയിലുണ്ടായ നാശനഷ്ടങ്ങളും യോഗം വിലയിരുത്തി.
പ്രാഥമിക പരിശോധനയില്‍ മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ 131 വീടുകള്‍ പൂര്‍ണ്ണമായും 200 ലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. പതിനായിരത്തോളം വീടുകളിലും 1,500 ഓളം കടകളിലും വെള്ളം കയറി നഷ്ടം സംഭവിച്ചിട്ടുണ്ട്. 800 ലധികം റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 1,083 ഹെക്ടര്‍ സ്ഥലത്തെ കൃഷിയെ പ്രളയം ബാധിച്ചു. ഫാമുകളില്‍ മാത്രമായി 6.2 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷി നശിച്ചു. ചുഴലിക്കാറ്റില്‍ തൃപ്പങ്ങോട്ടൂര്‍, മയ്യില്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഒമ്പത് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. രണ്ട് ലക്ഷം വാഴകളും, 16,000 റബ്ബറുകളും 6,000 കവുങ്ങുകളും നശിച്ചു. പച്ചക്കറി, തെങ്ങ്, കശുമാവ്, കുരുമുളക് തുടങ്ങിയവയ്ക്കും നഷ്ടമുണ്ടായി. 12.5 ഏക്കര്‍ സ്ഥലത്ത് മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മൃഗസംരക്ഷണ മേഖലയില്‍ പ്രാഥമിക പരിശോധനയില്‍ 98 ലക്ഷത്തില്‍പരം രൂപയുടെ നഷ്ടം സംഭവിച്ചതായി അധികൃതര്‍ യോഗത്തെ അറിയിച്ചു. പശു, എരുമ, കോഴി, ആട് തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെയും പ്രളയം ബാധിച്ചു. മത്സ്യത്തൊഴിലാളികളും പ്രളയ ദുരിതാശ്വാസ രംഗത്തുണ്ടായിരുന്നതായി ഫിഷറീസ് വകുപ്പ് അറിയിച്ചു. വയനാട് ജില്ലയില്‍ ഉള്‍പ്പെടെ ഇവരുടെ സേവനം ലഭ്യമാക്കി. 3,000 ത്തോളം ആളുകളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി്. പലയിടങ്ങളിലും മത്സ്യക്കൃഷിക്കും സാരമായ നഷ്ടം സംഭവിച്ചു. ഒന്നരക്കോടി രൂപയുടെ നഷ്ടമാണ് ഫിഷറീസ് വകുപ്പില്‍ രേഖപ്പെടുത്തിയത്. വ്യാപാരി/ വ്യവസായ സ്ഥാപനങ്ങള്‍ക്കും നഷ്ടം സംഭവിച്ചിട്ടുണ്ട്.
പ്രളയാനന്തരം ഉണ്ടായ സ്ഥിതിഗതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും. മഴക്കെടുതിയില്‍ തകര്‍ന്ന ജില്ലാ പഞ്ചായത്തിന് കീഴിലെ സ്ഥാപനങ്ങള്‍ പരിശോധിച്ച് നഷ്ടം കണക്കാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സഹായം ആവശ്യമായ പക്ഷം അവ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. മഴക്കെടുതിയില്‍ ജീവന് നഷ്ടപ്പെട്ടവരുടെ ദേഹവിയോഗത്തിലും അടുത്തിടെ അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി രാമകൃഷ്ണന് എന്നിവരുടെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
ജില്ലാ പഞ്ചായത്ത് വിഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷരായ വി കെ സുരേഷ് ബാബു, കെ പി ജയബാലന്‍ മാസ്റ്റര്‍, ടി ടി റംല, കെ ശോഭ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മറ്റ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.