ശ്രീസുന്ദരേശ്വര ക്ഷേത്രമഹോത്സവം തുടങ്ങി; ശനിയാഴ്ച ആറാട്ട്

സ്വന്തം പ്രതിനിധി

കണ്ണൂര്‍: കണ്ണൂര്‍ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിലെ മഹോത്സവം തുടങ്ങി. ഏഴു ദിവസങ്ങളിലായി ഭക്തിനിര്‍ഭരവും ആകര്‍ഷകവുമായ വിവിധ പരിപാടികളോടു കൂടി ആഘോഷം തുടരുന്നത്. ഏപ്രില്‍ 20ന് ശനിയാഴ്ച രാത്രി ആറാട്ടിനു ശേഷം ആഘോഷപരിപാടികള്‍ക്ക് സമാപനം കുറിക്കും. ആറാട്ട് കടവിലേക്കുള്ള യാത്ര 20ന് വൈകീട്ട് നാലു മണിക്ക് ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് ചേനോളി റോഡ്, പാമ്പന്‍ മാധവന്‍ റോഡ്, മുനീശ്വരന്‍ കോവില്‍ റോഡ്, സ്വാമിമഠം റോഡ്, ഒണ്ടേന്‍ റോഡ്, പോന്താട്ട് വയല്‍റോഡ്, കായ്യത്ത് റോഡ്, പോസ്‌റ്റോഫീസിനു തെക്കുവശം റോഡ് എന്നീ വഴികളില്‍ കൂടി പയ്യാമ്പലം കടല്‍ത്തീരത്തെത്തിച്ചേരുന്നതും അവിടുത്തെ കര്‍മ്മങ്ങള്‍ക്ക് ശേഷം റെജ്‌ക്രോസ് റോഡ്, ശ്രീനാരായണ പാര്‍ക്ക് വഴിയായി ക്ഷേത്രത്തിലെത്തി ചേരുന്നതും കൊടിയിറക്കല്‍ കര്‍മ്മം നിര്‍വഹിക്കുന്നതുമാണെന്ന് ശ്രീ ഭക്തിസംവര്‍ദ്ധിനി യോഗം ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ പി ബാലകൃഷ്ണന്‍ കണ്ണൂര്‍ഓണ്‍ലൈവ് പ്രതിനിധിയോട് പറഞ്ഞു. തുടര്‍ന്ന് ഏഴു മണിക്ക് സംഗീത കലാക്ഷേത്രം വിദ്യാര്‍ഥികള്‍അവതരിപ്പിക്കുന്ന നൃത്തസന്ധ്യ അരങ്ങേറും. ആറാട്ട് പ്രമാണിച്ച് കണ്ണൂര്‍ താലൂക്കില്‍ വൈകീട്ട് നാലു മണി മുതല്‍ പ്രാദേശിക അവധി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മഹോത്സവത്തിന്റെ ഭാഗമായി21 ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണി മുതല്‍ പ്രസാദസദ്യയുമുണ്ടായിരിക്കുന്നതാണ്.

Related Posts