പൊതുവിപണിയില്‍ ഓണക്കാലത്ത് കൃത്രിമ വിലക്കയറ്റവും കരിഞ്ചന്തയും തടയാന്‍ സംയുക്ത പരിശോധന സ്ക്വാഡുകള്‍ രൂപീകരിക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. താലൂക്ക് തലത്തിലായിരിക്കും സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുക. ഭക്ഷ്യ-സിവില്‍സപ്ലൈസ്, ഫുഡ്സേഫ്റ്റി, ജിഎസ്ടി, അളവ് തൂക്കം എന്നീ വകുപ്പുകളിലെ ഓരോ ഉദ്യോഗസ്ഥര്‍ സ്ക്വാഡില്‍ ഉണ്ടാകും. ഓണക്കാലത്ത് ന്യായമായ വിലക്ക് പലവ്യജ്ഞനങ്ങളും മറ്റ് ഭക്ഷ്യ വസ്തുക്കളും പൊതുവിപണിയില്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് നടപടി. അമിത വില ഈടാക്കുക, അളവ് തൂക്കങ്ങളില്‍ കൃത്രിമം കാണിക്കുക, പൂഴ്ത്തിവെപ്പ് നടത്തുക, ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ തടയാന്‍ സപ്തംബര്‍ ഒന്ന് മുതല്‍ സംയുക്ത സ്ക്വാഡ് പരിശോധനയുമായി രംഗത്തുണ്ടാകും. ആവശ്യമെങ്കില്‍ പരിശോധനക്ക് പൊലീസിന്റെയും റവന്യു വകുപ്പിന്റെയും സഹായം ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.
സാധാരണ ജനങ്ങള്‍ക്ക് ന്യായ വിലക്ക് അവശ്യ സാധനങ്ങളടക്കമുള്ളവ വിതരണം ചെയ്യുന്നതിന് വിവിധ വകുപ്പുകളുടെയും സര്‍ക്കാര്‍ ഏജന്സികളുയെും ആഭിമുഖ്യത്തില്‍ പ്രത്യേക ഓണം മാര്‍ക്കറ്റുകള്‍ ജില്ലയില്‍ എല്ലായിടത്തും ആരംഭിക്കുന്നുണ്ട്. പലപ്പോഴും പൊതുവിപണിയില്‍ സാധനങ്ങളുടെ ഗുണനിലവാരവും വിലയും സംബന്ധിച്ച് പരാതികള്‍ ഉണ്ടാകാറുണ്ട്. ഇത്തരം പരാതികള്‍ പൊതുജനങ്ങള്‍ക്ക് താലൂക്ക് തലത്തിലുള്ള സ്ക്വാഡിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹരിക്കാന്‍ കഴിയണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഇതിനായി ടോള്‍ ഫ്രീ നമ്പറുകള്‍ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ കെ മനോജ് കുമാര്‍, ജിഎസ്ടി അസിസ്റ്റന്റ് കമ്മീഷണര്‍ സുനില്‍ കുമാര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ പി പ്രദീപ്, ഫുഡ്സേഫ്റ്റി നോഡല്‍ ഓഫീസര്‍ ഇന്ദു ബാല, ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് കെ കെ ഗീത, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ സംബന്ധിച്ചു.